വരണ്ടുപിളര്‍ന്ന മണ്ണിന്റെ ഹൃത്തടം
ഒരു പൂജയാണ് ; മൌനപൂജ
കാടിന്റെ നിറനിര്വൃതിക്കായ്
നിറപൂജ
പിളര്‍ന്ന യോനിമുഖത്തേക്ക്
ഒരുനാള്‍ പാറിവീണേക്കാവുന്ന
വിത്തുകളുടെ വരവേല്‍പ്പിനുള്ള
വിശുദ്ധപൂജ
വിത്തുകളുടെ പ്രാര്‍ത്ഥന.....
മുളപൊട്ടിയുണരുന്ന പിറവിയുടെ
നിത്യനിര്‍വൃതിയോര്‍മ്മയില്‍
പൂര്‍ണ്ണമായ് പൊട്ടിയുള്‍വഹിക്കാന്‍
തനിക്കായ് മാത്രം ധ്യാനിക്കുന്ന
മണ്ണിന്റെ പൂര്‍ണ്ണ അണ്ടത്തിനായ്
നിത്യപൂജ
കാറ്റിന്റെ പ്രാര്‍ത്ഥന....
പുഷ്പ്പിണിയായ വൃക്ഷങ്ങളില്‍ നിന്നും
പോട്ടിവീഴാന്‍ വെമ്പുന്ന വിത്തുകളെ
വിളനിലങ്ങളിലേക്ക് വാരിവിതറാന്‍
കാത്തുകാത്ത് നില്‍ക്കുന്ന കാറ്റിന്റെ
കാട്ടുപൂജ
മഹാവൃക്ഷങ്ങളുടെ മൌനപൂജ....
ഉള്‍പ്പുലകങ്ങളിലുയിര്‍പൊട്ടിയ
വിത്തുകോശങ്ങളുടെ ജന്മപൂര്‍ണ്ണതയ്ക്കായ്
സ്ഥായീ പൂജ
മണ്ണും മരുവും തരുവും തനുവും
പൂജയില്‍ ....
ജീവകോശങ്ങളെ പരിപൂര്‍ണ്ണമാക്കും
ജീവതീര്‍ത്ഥയാം മഴതേടി
പൂര്‍ണ്ണപൂജ
പ്രപഞ്ചം പൂജയില്‍ ;
പൂര്‍ണ്ണതയുടെ പുണ്യപൂജ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ