2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പ്രണയസംയോഗം


കാലകാലാന്തരങ്ങള്‍
കാത്തുവച്ച വെണ്ണക്കല്‍ഭരണികള്‍
പ്രണയത്തിലുടച്ചാലേപനം ചെയ്തു
ഞാന്‍ മഗ്ദെലെന,
ഈശ്വരാര്‍ദ്ധ കാംഷി
തിരുനെറ്റിയിലെ തൈലാഭിഷേകത്തില്‍
നീ പൂര്‍ണ്ണ പുരുഷന്‍ ,
ഉയര്‍പ്പിലുദ്ധരിക്കവന്‍ ക്രിസ്തു

ഇല്ല നിന്‍ മുന്‍പിന്‍ തലമുറകളില്‍
നിന്റെ ചെരുപ്പിന്റെ
വാറഴിക്കാന്‍ പിറന്നവര്‍
നീ ശാന്തസ്വരൂപന്‍ , കാന്തചടുലന്‍
ത്രിത്വത്തില്‍ ഏകന്‍ ,
ആദ്യമാധ്യാന്ത വേദാന്തി

നിനക്കും മുന്നേ
കണ്ടുകാണാതെ മടങ്ങിയതൊക്കെയും
വെറും ആണ്‍പേയ്ക്കൂട്ടങ്ങള്‍
ഇരുട്ടിന്‍ വരട്ടുവാദികള്‍ ,
കൂത്തരങ്ങിലെ കഴുതക്കച്ചവടക്കാര്‍

വെറുക്കപ്പെട്ട 30 വെള്ളിക്കാശിന്റെ
ഒറ്റിക്കൊടുപ്പുകാര്‍
തൂങ്ങിച്ചത്തവന്റെ
ഗീര്‍വാണ വിപണനക്കാര്‍ ...

ഞാന്‍ പ്രണയിനി

ദിവ്യാനുപാതത്തിലെ പൂര്‍ണ്ണനാരി
നിന്റെ പാദദൂളികള്‍ തപനീരാല്‍ മുക്തം
കടുംചുരുള്‍മുടികളുലച്ചു പുതച്ചു
ചുടുചുംബനത്തീച്ചുഴികളെ
സമുദ്രഗര്‍ത്തത്തിലോഴുക്കുന്നോള്‍

ഞാന്‍ നിന്നിലെ പൂര്‍ണ്ണസ്ത്രീ

പ്രണയപൂര്‍ണ്ണ നാരീപുരുഷ യോഗേ
പ്രപഞ്ചപുണ്യ സംയോഗേ
സമ്യക് യോഗയേ ഇതി സംയോഗ:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ