2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പ്രതിഷ്ഠ


 തലയ്ക്കു ചുറ്റും,
കാലം വെള്ളപൂശിയ
ചിരിയുടെ ചതിയൊട്ടിച്ച ഫ്രെയിം
എന്റേതല്ല,
ഞാനതഴിച്ചു വയ്ക്കട്ടെ

സത്നാം നീയാണ് പ്രതിഷ്ഠ

സാത്വികനായ സാധുവിനെ
തല്ലിക്കൊല്ലാന്‍മാത്രം
പാകവും അപാകവുമായ
കാലത്തിലാണെന്റെ
തെറ്റിപ്പോയ യാത്ര

പ്രതിഷ്ഠാപീഠത്തിലിരുന്ന്
അവന്‍ വിളിച്ചു പറയുന്നു
നീയും നിന്റെ മക്കളും
കൊല്ലപ്പെടാമെന്ന സത്യം

ഇക്കാലത്തിന്റെ
കടുത്ത ഫ്രെയിം
ഞാനതഴിച്ചു വയ്ക്കട്ടെ

കാലമേ, സമൂഹമേ, സദാചാരമേ
നീയും ഞാനും തമ്മിലെന്ത്
നീ നിന്നെയും നിന്റെ മക്കളെയും
ഓര്‍ത്ത് കരഞ്ഞുകൊള്‍ക

ഞാനെന്റെ യാത്ര തുടരട്ടെ,
എന്റെ പ്രതിഷ്ഠയിലേക്കാണെന്റെ യാത്ര....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ