അമ്മയുടെ ഹൃദയത്തില്‍ നിന്നുറ്റിയ
ആദ്യത്തെ രക്തത്തുള്ളിയിലാണ്
എന്‍റെ ഹൃദയം ആദ്യമായ് ചിതറിയത്
അടച്ചിട്ട മുറിയുടെ ഇരുളില്‍
ഞാനവ പെറുക്കിക്കൂട്ടിയൊട്ടിച്ചു
അന്നുമുതല്‍ ചിതറിപ്പോയവയെല്ലാം
ഞാന്‍ വീണ്ടും വീണ്ടും
കൂട്ടിയൊട്ടിച്ചുകൊണ്ടെയിരുന്നു
കണക്കുകൂട്ടലുകളില്‍
പണ്ടേ പിഴച്ചവളായതുകൊണ്ട്
അടിയൊഴുക്കുകളില്‍ ചിതറിയവ
എണ്ണത്തില്‍ വിട്ടുപോയി
പകരം ഏച്ചുകെട്ടിയവയെല്ലാം മുഴച്ചും നിന്നു....
ഒരിക്കലും ഒന്നുചേരാന്‍ ഒരുക്കമല്ലാതെ!
പാഴായിപ്പോയി വെറുതെയൊരു ഹൃദയം
നിങ്ങളുടെ രക്തത്തിലും കണ്ണുനീരിലും
തപിക്കാന്‍ ......
മിടിക്കുന്നൊരു ഹൃദയം ഇനിയെനിക്കില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ