വൃക്ഷക്കൂട്ടങ്ങളില്‍ നിന്ന് തെറ്റിത്തെറിച്ചുപോയ
ഒരു വൃക്ഷവിത്തിന്റെ നിലവിളി നിങ്ങള്‍ കേട്ടുവോ?
നിങ്ങളുടെ ചെവികള്‍ക്ക് അത് കേള്‍ക്കാനാവില്ല!
സ്വത്വപൂര്‍ണ്ണതയ്ക്കായ് സ്വയം തോലുരിച്ചു
മജ്ജയും മാംസവും പിരിച്ചുകളയുന്ന
മഹാവൃക്ഷങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അമൌനങ്ങളുടെ അധികാരികള്‍ക്ക് അത് കാണാനാവില്ല!
നിങ്ങളുടെ കണ്ണുകള്‍ കൊല്ലേണ്ടവനിലാണ്,
കൊല്ലപ്പെട്ടവനിലാണ്
മരണപ്പെടാതെ നില്‍ക്കുന്നവനെ
നിങ്ങള്‍ അറിയുകയേ ഇല്ല
നിങ്ങള്‍ക്ക് വേണ്ടത് രക്തസാക്ഷികളെയാണ്
ജീവസാക്ഷികളെയല്ല!!!
മൌനത്തിന്റെ അവകാശികളായ ഞങ്ങളെ
നിങ്ങള്‍ക്ക് അറിയുവാനാകില്ല!
എന്റെ കണ്ഠനാളത്തില്‍ അമൌനത്തിന്റെ
ഒരു നിലവിളി കുരുങ്ങിക്കിടക്കുന്നു
കുലം തെറ്റിവീണ വൃക്ഷവിത്തില്‍
കുരുങ്ങിപ്പോയ നിലവിളി.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ