2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

സ്വപ്ന സഞ്ചാരിണി

ഞാന്‍ സ്വപ്ന സഞ്ചാരിണി
കാല്‍പനികതയിലെ എട്ടുകാലിയുടെ വെള്ളിനൂല്‍
വെറുമൊരു മഞ്ഞ ബലൂണ്‍
ഒറ്റത്തട്ടില്‍ മറിഞ്ഞു പടര്‍ന്ന നിറക്കൂട്ട്‌
ഒപ്പിയെടുക്കാന്‍ ശ്രമിക്കരുത്....
തുടച്ചുകളഞ്ഞേക്കൂ......

എന്‍റെ മൌനം




എന്‍റെ മൌനം.............
ആരോ പാതിവരച്ചെറിഞ്ഞ ചിത്രത്തിന്‍റെ  പിടച്ചില്‍ ..

വെറുതെ തൂവിപ്പോയ നിറക്കൂട്ടിന്‍റെ  അശാന്തി... 
എവിടെയോ പാറ്റിത്തെറിച്ച പാഴ്വിത്തിന്‍റെ  നിസ്സഹായത.....
എങ്ങോ കൂട്ടം തെറ്റിയ പക്ഷിയുടെ നിലവിളി....
ഏതോ മരുഭൂമിയിലെ മണല്‍ക്കാറ്റിലെ നിഴല്‍ ......
ന്‍റെ മൌനം.............

ഒഴുക്ക്



അതിരുകള്‍ കളഞ്ഞുപോയവളുടെ നീണ്ട നിലവിളിയിലൂടെയാണ് 

അതിരുകളില്ലാത്ത ശൂന്യതയുടെ ചിരി ഞാന്‍ സ്വന്തമാക്കിയത്...
ഹൃദയത്തില്‍ നിന്നും ചീന്തിപ്പോയ ഒരു ചുവന്ന ദളത്തെ തിരഞ്ഞലഞ്ഞപ്പോഴാണ് 
ചിതറിപ്പോയ ദളങ്ങളുടെ വെളുത്ത സ്വാതന്ത്ര്യം സ്വായത്തമാക്കിയത്......
പച്ചിലക്കാടുകളില്‍ ഭ്രഷ്ട്ടു കല്‍പ്പിക്കപ്പെട്ട ഊതനിറമുള്ള ഒരില, 
പുഴുക്കുത്തേറ്റിട്ടും പുലമ്പലുകളേതുമില്ലാതെ നദിയില്‍ നിന്നും നദിയിലൂടെ വെറുതെ ഒഴുകുന്നു.....

കരിംകാളി


ഞാന്‍തന്നെ ശില്‍പ്പവും, ശില്പിയും
ഞാന്‍ അഹല്യ, അനന്യ, ആദിത്യ
സൃഷ്ടി, സ്ഥിതി, സംഹാര
കാളികവേഷം കെട്ടിയാടി
കലിയടങ്ങാതന്നു കാലഭൈരവനെ-
ച്ചവിട്ടിക്കൊല്ലും ശിവശക്തി
ശിവം ശവമാകുമെന്‍ കാല്‍ക്കീഴില്‍
തകര്‍ന്നടിഞ്ഞു വിശ്വം

കാലം കാണണം,
കലിയുഗത്തിലുണരും വീണ്ടും കാലിക
കൈകരുത്തേറിയോ കാപാലിക വര്‍ഗ്ഗമേ
കാണട്ടേ ചാപിള്ളചാപല്യം
ചതയ്ക്കുമെന്‍ കാല്ക്കീഴില്‍
കരുണവറ്റിയ കഴുവേറികളെ

പിറന്നുവീണ പെണ്ണിനെ പറിച്ചുകീറിയോ
പാഴാക്കിയോ പാരിനെ
പിറവിതന്ന പെണ്ണിനെ പകുത്തെറിഞ്ഞോ
വിറ്റുവോ കൂടപ്പിറപ്പിനെ, വാഴും വിശ്വത്തെ
വീര്‍പ്പിച്ചോ വിലകെട്ട നിന്‍കീശ

അറുത്തെടുക്കും നിന്‍തല, ഞാന്‍ കല്ലിക
കല്‍ശിലകളുടെ കറുത്ത കാഠിന്യം
നെഞ്ചുകീറിക്കുടല്‍മാലകള്‍ കഴുത്തിലിട്ടു-
റഞ്ഞുതുള്ളും ഞാന്‍ കറുപ്പിന്‍ കാഞ്ഞിര

കാലിരുമ്പുകളുടെ കാഠിന്യമേല്‍ക്കാന്‍
കാലഭൈരവനുണരുംവരേക്കും
കലിയടങ്ങാതെ കാലംമുടിക്കും
കലി, കരിംകാളി, കാവല്‍ ശിലാശക്തി

ഞാന്‍ കടല്‍


ഞാന്‍ കടല്‍
അടിത്തട്ടിലഗ്നിയലകളെയാഴ്ത്തി
ആയിരം ലോകത്തെ ഉള്ളിലാവാഹിച്ചവള്‍
ഘനഗംഭീര ധീര ഭാവ, ഞാന്‍ കടല്‍

അശാന്ത, ശാന്തിമന്ത്രം ഉരുവിട്ടു പഠിപ്പവള്‍
ത്രിമൂര്‍ത്തീനദികളുടെ സംഗമസ്ഥാനി
കലുഷ, കരയെ കാമിപ്പവള്‍
പ്രണയമന്ത്രത്തെ ധ്യാനിപ്പവള്‍

ധീര, ധരണിയില്‍ തിരതല്ലവള്‍
ദൈന്യത്തെ തൂത്തധൈര്യത്തെ ഉയര്‍ത്തവള്‍
ആകാശത്തെത്തൊട്ടമരത്വം തേടവള്‍

കാല,സമയത്തിനതീത, പ്രതലരൂപി
സാഗരസരത് സഞ്ചാരിണി
സമുദ്രലോകത്തെ ഗര്‍ഭത്തിലോളിപ്പവള്‍
ഞാന്‍ കടല്‍

ഭ്രാന്തന്മാര്‍


 


ഗ്രാമ നഗര യാത്രകളില്‍
ഗ്രാമപ്രാന്തങ്ങളില്‍
അനേകമനേകം ഭ്രാന്തന്മാര്‍

നഗരവേഗാവേഗങ്ങളില്‍
സ്വയം നിശ്ചലരായവര്‍
നഗരാതിര്‍ത്തിയില്‍നിന്നും
കുടിയൊഴിക്കപ്പെട്ടവര്‍

നിന്നെ മറക്കാന്‍ ശ്രമിച്ചു 

തന്നെത്തന്നെ മറന്നവര്‍
മറന്നുവച്ചോരിടം തേടുന്നവര്‍
കല്ലുരുട്ടിക്കേറ്റി കീഴോട്ടെറിഞ്ഞു-
ചിരിക്കും നാറാണത്തു ഭ്രാന്തര്‍

ഗ്രാമനഗര യാത്രകളില്‍
ഇരുള്‍വെളിച്ചങ്ങളുടെ നെറികെട്ട കാഴ്ച്ചകള്‍
വെട്ടിപ്പിടിക്കാന്‍ അരക്കിടുറപ്പിച്ച
ചെംചേകവന്മാരുടെ ചതുരംഗക്കളികള്‍

വാണിഭങ്ങളുടെ വാഴ്ച്ചക്കാര്‍
വാഴ്ത്തപ്പെട്ട വ്യഭിചാര ശാലകളില്‍
കല്ലുരുട്ടി കോള്‍മയിര്‍കൊള്ളുന്നു
കൊലകൊല്ലികള്‍ , വെറിയിറ്റും ഭ്രാന്തര്‍

നഗര വേഗങ്ങളുടെ സഞ്ചാരി, ഞാനും
ചതുരംഗക്കളത്തിലെ രാജ്യമോഹി
എന്നിട്ടും-
ഗ്രാമ ദൂരങ്ങളിലെ ആമവേഗി
തന്നെ മറന്നു തന്‍റെയിടം  തേടവള്‍ !!!

ഇവരാരുമല്ല ഭ്രാന്തര്‍
ഗ്രാമ നഗരങ്ങളുടെ
അതിരുകളിലരങ്ങുതേടും
ഞാനാണ് ഭ്രാന്തി....

ഹൃദയം


 


അമ്മയുടെ ഹൃദയത്തില്‍ നിന്നുറ്റിയ
ആദ്യത്തെ രക്തത്തുള്ളിയിലാണ്
എന്‍റെ  ഹൃദയം ആദ്യമായ് ചിതറിയത്
അടച്ചിട്ട മുറിയുടെ ഇരുളില്‍
ഞാനവ പെറുക്കിക്കൂട്ടിയൊട്ടിച്ചു

അന്നുമുതല്‍ ചിതറിപ്പോയവയെല്ലാം
ഞാന്‍ വീണ്ടും വീണ്ടും
കൂട്ടിയൊട്ടിച്ചുകൊണ്ടെയിരുന്നു

കണക്കുകൂട്ടലുകളില്‍
പണ്ടേ പിഴച്ചവളായതുകൊണ്ട്
അടിയൊഴുക്കുകളില്‍ ചിതറിയവ
എണ്ണത്തില്‍ വിട്ടുപോയി

പകരം ഏച്ചുകെട്ടിയവയെല്ലാം മുഴച്ചും നിന്നു....
ഒരിക്കലും ഒന്നുചേരാന്‍ ഒരുക്കമല്ലാതെ!
പാഴായിപ്പോയി വെറുതെയൊരു ഹൃദയം

നിങ്ങളുടെ രക്തത്തിലും കണ്ണുനീരിലും
തപിക്കാന്‍ ......
മിടിക്കുന്നൊരു ഹൃദയം ഇനിയെനിക്കില്ല

ഇന്ത്യ


 


ഇന്ത്യന്‍ ഗ്രാമ കാഴ്ച്ചകളില്‍ ; അന്തിക്രിസ്തുമാര്‍ 
ആണ്ടിലും സംക്രാന്തിക്കും
എറിഞ്ഞു കൊടുക്കുന്ന ആകാശമന്നയ്ക്കായ്
വായ്തുറന്നിരിക്കുന്നു ഇരുള്‍സന്തതികള്‍

അരവയറിനന്നം ഇരക്കേണ്ടി വരുന്നവര്‍
മലവിസര്‍ജനത്തിനു മറയില്ലാത്തവര്‍
ഉടുതുണിക്കും മറുതുണിക്കും പല തുണിയില്ലാത്തവര്‍
വ്യാജഡോക്ടര്‍ക്കുമുന്നില്‍ രോഗങ്ങളുടെ ഭാണ്ടക്കെട്ടുമായ്
കാലങ്ങള്‍ കാത്തു നില്‍ക്കുന്നവര്‍
വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ടവര്‍
തുരുത്തുകള്‍ക്കപ്പുറത്തെ ലോകം നിഷേധിക്കപ്പെട്ടവര്‍

ഞാന്‍ ഹൃദയ സ്വപ്നങ്ങളുടെ വില്പ്പനക്കാരി
അവരെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുമ്പോള്‍
ചത്ത ഹൃദയത്തില്‍ രക്തത്തുള്ളിയുടെ തുടിപ്പ്

ഇന്ത്യന്‍ നഗര കാഴ്ച്ചകളില്‍ ;
കോര്‍പ്പറേട്ടിസം, കണ്‍സ്യുമറിസം
മെയില്‍ ഷോവനിസം, ഫീമെയില്‍ ഷോവനിസം
മോഡേണിസം, കോക്ട്ടൈലിസം
 

ഇസങ്ങളുടെ വികസനത്തിളക്കം
ന്‍നഗരങ്ങള്‍ക്ക് സ്വന്തം
മനമോഹന വന്‍സാമ്പത്തികക്കുതിപ്പുക
ള്‍‍.....

ചതിരസങ്ങളുടെ ഇസങ്ങളില്‍ 

ഹൃദയങ്ങള്‍ വീണ്ടും വീണ്ടും ചത്തുകൊണ്ടേയിരിക്കുന്നു

തോന്നലുകള്‍



കാഴ്ച്ചകള്‍ക്കെല്ലാം ഒരേ നിറം
അനുഭവങ്ങളുടെ മൂശയില്‍ ഉരുക്കിയൊഴിച്ചു
പല ചായങ്ങള്‍ ചാലിച്ചു രൂപം മെനയും
കാണുന്ന കണ്ണുകള്‍

കേള്‍വികള്‍ക്കെല്ലാം ഒറ്റ സ്വരം
പല ഭാഷകളില്‍ സ്വരഭേദങ്ങളില്‍
മാധുര്യവും കയ്പ്പും ചവര്‍പ്പും കലര്‍ത്തി
അര്‍ഥം കുറിക്കും
കേള്‍ക്കുന്ന കാതുകള്‍

വെറും തോന്നലുകള്‍ ........

അരക്കോശം


299,999,999 ബീജങ്ങളെ
പൊരുതി പുറംതള്ളി
അമ്മഗര്‍ഭത്തില്‍ ഭ്രൂണമായൂറി
ആരുമറിയാ അരക്കോശം...

ഭ്രൂണാവരണത്തെ കലക്കിയ വിഷത്തില്‍
ഉയിര്‍ പോരുതി;
പിറക്കേണ്ടതെന്റെമാത്രം ബാധ്യത
എന്നതേ ആദ്യ ബോധം

നാലല്ല നാപ്പതിനായിരമായ് കീറിയിട്ടാലും
തലയും മൂലവും തിരിച്ചിട്ടാലും
മുറികൂടിയുണരും പുതുരൂപത്തില്‍

കഴുകുകള്‍ കൊത്തിപ്പിളര്‍ക്കും
കൊക്കുകള്‍ പൊടിയും വരേയ്ക്കും
ഹൃദയത്തിലരക്കൊശം
അശേഷമവശേഷിക്കുകില്‍ , തുടിക്കും
എനിക്കും നിനക്കും
ഉയിര്‍ പകുത്ത ലോകത്തിനുമുതകില്‍ ......

പ്രതിഷ്ഠാദൂരം


ഞാന്‍ എന്റെ യാത്ര തുടരട്ടെ....
എന്റെ പ്രതിഷ്ഠയിലെക്കാണെന്റെ യാത്ര.....

വാ തെറ്റിവീണ വാക്കുകള്‍
എന്റെ പ്രതിഷ്ഠാജപങ്ങള്‍
കൈവിട്ടുപോയ പ്രവര്‍ത്തികള്‍
പ്രതിഷ്ഠാവഴികള്‍
അക്ഷരങ്ങള്‍ , മുറിക്കപ്പെട്ട ഹൃദയത്തിന്റെ-
പ്രതിഷ്ഠാരേഖകള്‍
ഭൂമിയില്‍ കോറിയിട്ട നിഴല്‍ച്ചിത്രങ്ങള്‍
എന്റെ പ്രതിഷ്ഠാര്‍ത്ഥന
കണ്ണുതെളിച്ച കണ്ണുനീര്‍
പ്രതിഷ്ഠാ തീര്‍ത്ഥം
തെറ്റിവീണ പുഞ്ചിരി
വീണ്ടുകിട്ടിയ പ്രതിഷ്ഠാപുഷ്പ്പങ്ങള്‍

എന്നില്‍ നിന്നും എന്നിലേക്കുള്ള ജീവിത ദൂരം
എന്റെ പ്രതിഷ്ഠാനിഷ്ട
ഞാന്‍ എന്റെ യാത്ര തുടരട്ടെ....

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

നിഴലുകള്‍




ചായ് വിലും ചരിവിലും കോണോടുകോണിലും
കറുത്ത ചായത്തില്‍ വരച്ചിട്ടു, കാലം
നെടുകാലന്‍ നിഴലുകള്‍ ...

എന്റെ മറുപിള്ളയായ്‌ ഗര്‍ഭ പാത്രത്തില്‍
പിച്ച വച്ചപ്പോള്‍ വിരല്‍തുമ്പില്‍ -
തൂങ്ങി, നടവഴികളില്‍ ,
നിലാവില്‍ എന്നിണയ്ക്കൊപ്പം
ഇണചെര്‍ന്നെന്റെ അപരയായ്

അതിരുകള്‍ തീര്‍ത്ത മതിലുകള്‍
എനിക്കൊപ്പം മറികടന്ന
എന്റെയീ സഹചാരിയെ
കൂട്ടി കുടിയിരുത്തിയങ്ങോളം, ഞാന്‍
കാലത്തിനറ്റം കടക്കാന്‍

ആല്‍മരക്കൊമ്പിലെനിക്കൊപ്പം
തൂങ്ങിയാടിക്കളിച്ചതാണവസാനം
പട്ടടയില്‍നീറി പുകയായുയരുമ്പോഴും

മുക്കിലും മൂലയിലും നീണ്ടും കുറുകിയും
വീണും വിണ്ടും, വീണ്ടുംനിഴലുകള്‍
കാലം വരച്ച കടുംനിഴലുകള്‍ .....

മഹാമുദ്ര

മന്ത്രോച്ചാരണത്തിന്റെ ഉച്ച്ചസ്ഥായില്‍
കനത്തു കിടന്ന ശിലാസ്ഥലികളെ,
മൌനത്തിന്റെ മഹാവൃക്ഷങ്ങളെ, മറികടന്നു
ജൈനസ്ഥാനങ്ങളെ വെട്ടിയൊതുക്കിയ ബ്രാഹ്മണ്യമെ
ഞാന്‍ മഹാമുദ്ര; ജൈനലോകത്തി
ന്‍റെ നഗരപാലിക....
കല്‍ വിഗ്രഹത്തിലിന്നു വീണ്ടുമുണര്‍ന്നു
നെറുകില്‍ തെറിച്ച ശിരോരക്തങ്ങളുടെ കറമായ്ക്കുവാന്‍

നിന്റെ ചതിക്കുഴികളില്‍ ഭൂദചരിത്രം പൊടിഞ്ഞു
എന്റെ ക്ഷേത്രക്കല്‍മന്ത്രങ്ങളിലിന്നു പത്മനാഭ മുദ്രണം
അകത്തളങ്ങളില്‍ കോടീഭാരം, 

കാല്‍ക്കല്‍ വീണുടഞ്ഞ പട്ടിണിയുടലുകള്‍ക്ക് കണ്ണീര്‍ഭാരം, 
കാവല്‍നില്‍ക്കാന്‍ ചാരപാലകര്‍ ...

കല്‍ച്ചതികളുടെ ചരി
ത്രം തുറക്കുവാന്‍
കല്‍ഹൃദയം പിളര്‍ത്ത 

ഭ്രാമണ്യതന്ത്രം തകര്‍ക്കുവാന്‍
രക്തശപഥത്തിന്റെ കാലശക്തി
കല്‍ പിളര്‍ന്നു പിറവിയെടുത്തു

തീര്‍ത്ഥന്ഗരന്‍മാരുടെ നാഗയക്ഷി

പൂര്‍വ്വാശ്രമത്തിലെ നീതിപാലിക
ഉള്‍ക്കാതുകളില്‍ ജൈനമന്ത്രണം

കാല്‍ക്കരുത്തില്‍ ശിലാമന്ത്രണം

ഉള്‍ക്കരുത്തില്‍ പിതൃതര്‍പ്പണം 

മഹാമൌനത്തിന്റെ മനോതര്‍പ്പണം 
ജൈനലോകത്തിന്റെ നഗരപാലിക
ഞാന്‍ മഹാമുദ്ര

പ്രതിഷ്ഠ


 തലയ്ക്കു ചുറ്റും,
കാലം വെള്ളപൂശിയ
ചിരിയുടെ ചതിയൊട്ടിച്ച ഫ്രെയിം
എന്റേതല്ല,
ഞാനതഴിച്ചു വയ്ക്കട്ടെ

സത്നാം നീയാണ് പ്രതിഷ്ഠ

സാത്വികനായ സാധുവിനെ
തല്ലിക്കൊല്ലാന്‍മാത്രം
പാകവും അപാകവുമായ
കാലത്തിലാണെന്റെ
തെറ്റിപ്പോയ യാത്ര

പ്രതിഷ്ഠാപീഠത്തിലിരുന്ന്
അവന്‍ വിളിച്ചു പറയുന്നു
നീയും നിന്റെ മക്കളും
കൊല്ലപ്പെടാമെന്ന സത്യം

ഇക്കാലത്തിന്റെ
കടുത്ത ഫ്രെയിം
ഞാനതഴിച്ചു വയ്ക്കട്ടെ

കാലമേ, സമൂഹമേ, സദാചാരമേ
നീയും ഞാനും തമ്മിലെന്ത്
നീ നിന്നെയും നിന്റെ മക്കളെയും
ഓര്‍ത്ത് കരഞ്ഞുകൊള്‍ക

ഞാനെന്റെ യാത്ര തുടരട്ടെ,
എന്റെ പ്രതിഷ്ഠയിലേക്കാണെന്റെ യാത്ര....

ഞാനല്ല




നിങ്ങളുടെ ശവശരീരങ്ങള്‍
അടക്കം ചെയ്യുന്ന സെമിത്തേരി
ഞാനല്ല

നിങ്ങളുടെ തൂറ്റലും തുപ്പലും
പാഴ്വാക്കുകളും തലയിലേറ്റും
വിളപ്പില്‍ശാലയും, ഞാനല്ല

നിങ്ങളുടെ കാമവും മോഹവും
കേളീവികാരവുമതേറ്റു വാങ്ങും
വെറുംശരീരവും, ഞാനല്ല

കാറ്റും, കടലും, ആലും, ഇലയും
കീടവും, കൃമിയും, പുഴുവും, പാറ്റയും
ഞാന്‍ തന്നെ

ഞാന്‍ നിങ്ങളുടേതല്ല.....

നിലവിളി


വൃക്ഷക്കൂട്ടങ്ങളില്‍ നിന്ന് തെറ്റിത്തെറിച്ചുപോയ
ഒരു വൃക്ഷവിത്തിന്റെ നിലവിളി നിങ്ങള്‍ കേട്ടുവോ?
നിങ്ങളുടെ ചെവികള്‍ക്ക് അത് കേള്‍ക്കാനാവില്ല!

സ്വത്വപൂര്‍ണ്ണതയ്ക്കായ്‌ സ്വയം തോലുരിച്ചു
മജ്ജയും മാംസവും പിരിച്ചുകളയുന്ന
മഹാവൃക്ഷങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അമൌനങ്ങളുടെ അധികാരികള്‍ക്ക് അത് കാണാനാവില്ല!

നിങ്ങളുടെ കണ്ണുകള്‍ കൊല്ലേണ്ടവനിലാണ്,
കൊല്ലപ്പെട്ടവനിലാണ്
മരണപ്പെടാതെ നില്‍ക്കുന്നവനെ
നിങ്ങള്‍ അറിയുകയേ ഇല്ല
നിങ്ങള്‍ക്ക് വേണ്ടത് രക്തസാക്ഷികളെയാണ്
ജീവസാക്ഷികളെയല്ല!!!

മൌനത്തിന്റെ അവകാശികളായ ഞങ്ങളെ
നിങ്ങള്‍ക്ക് അറിയുവാനാകില്ല!

എന്റെ കണ്ഠനാളത്തില്‍ അമൌനത്തിന്റെ
ഒരു നിലവിളി കുരുങ്ങിക്കിടക്കുന്നു
കുലം തെറ്റിവീണ വൃക്ഷവിത്തില്‍
കുരുങ്ങിപ്പോയ നിലവിളി.....

മൌനങ്ങള്‍


ചുണ്ടിതളുകളുടെ താഴ്പ്പൂട്ടുകളില്‍
അകമൌനമില്ല, വെറും മുഖ മൌനം
മൌനങ്ങളെന്നും അന്തര്‍മുഖരൂപികള്‍

മുന്നൂറുമുക്കോടി മൌനങ്ങള്‍ ;

ആത്മീയതയുടെ മൌനങ്ങളില്‍
ശാന്തം;വിധേയം
വിധിഹിതം തപമൌനം

പകമൂത്ത കനപ്പെട്ട മൌനങ്ങളില്‍
അശാന്തിയുടെ കറുത്ത വിത്തുകള്‍ ,
പാമ്പിനെപ്പോലെ പതിയിരിക്കുന്നു
വിഷം മുറ്റിയ മൌനങ്ങള്‍

വിഷാദിയുടെ വീര്‍പ്പിടങ്ങളില്‍
നീര്‍കെട്ടിയ മൌനങ്ങള്‍
ഉന്മാദിനിയുടെ ഉള്‍വിളികളില്‍
കനം നഷ്ട്ടപ്പെട്ട കടലാസ് മൌനങ്ങള്‍

കാരുണികന്റെ വിലപ്പെട്ട മൌനങ്ങള്‍
സാത്വികന്റെ സ്വത്വമൌനങ്ങള്‍
നിസ്സഹായന്റെ നരച്ച മൌനങ്ങള്‍
നിര്‍വൃതിയുടെ നിറ മൌനങ്ങള്‍

മൌനങ്ങളുടെ ആഴങ്ങളില്‍
മരണ മരണാനന്തരങ്ങള്‍
മൌനങ്ങളെന്നും അന്തര്‍മുഖരൂപികള്‍

മുന്നൂറുമുക്കോടി മൌനങ്ങള്‍

പ്രണയസംയോഗം


കാലകാലാന്തരങ്ങള്‍
കാത്തുവച്ച വെണ്ണക്കല്‍ഭരണികള്‍
പ്രണയത്തിലുടച്ചാലേപനം ചെയ്തു
ഞാന്‍ മഗ്ദെലെന,
ഈശ്വരാര്‍ദ്ധ കാംഷി
തിരുനെറ്റിയിലെ തൈലാഭിഷേകത്തില്‍
നീ പൂര്‍ണ്ണ പുരുഷന്‍ ,
ഉയര്‍പ്പിലുദ്ധരിക്കവന്‍ ക്രിസ്തു

ഇല്ല നിന്‍ മുന്‍പിന്‍ തലമുറകളില്‍
നിന്റെ ചെരുപ്പിന്റെ
വാറഴിക്കാന്‍ പിറന്നവര്‍
നീ ശാന്തസ്വരൂപന്‍ , കാന്തചടുലന്‍
ത്രിത്വത്തില്‍ ഏകന്‍ ,
ആദ്യമാധ്യാന്ത വേദാന്തി

നിനക്കും മുന്നേ
കണ്ടുകാണാതെ മടങ്ങിയതൊക്കെയും
വെറും ആണ്‍പേയ്ക്കൂട്ടങ്ങള്‍
ഇരുട്ടിന്‍ വരട്ടുവാദികള്‍ ,
കൂത്തരങ്ങിലെ കഴുതക്കച്ചവടക്കാര്‍

വെറുക്കപ്പെട്ട 30 വെള്ളിക്കാശിന്റെ
ഒറ്റിക്കൊടുപ്പുകാര്‍
തൂങ്ങിച്ചത്തവന്റെ
ഗീര്‍വാണ വിപണനക്കാര്‍ ...

ഞാന്‍ പ്രണയിനി

ദിവ്യാനുപാതത്തിലെ പൂര്‍ണ്ണനാരി
നിന്റെ പാദദൂളികള്‍ തപനീരാല്‍ മുക്തം
കടുംചുരുള്‍മുടികളുലച്ചു പുതച്ചു
ചുടുചുംബനത്തീച്ചുഴികളെ
സമുദ്രഗര്‍ത്തത്തിലോഴുക്കുന്നോള്‍

ഞാന്‍ നിന്നിലെ പൂര്‍ണ്ണസ്ത്രീ

പ്രണയപൂര്‍ണ്ണ നാരീപുരുഷ യോഗേ
പ്രപഞ്ചപുണ്യ സംയോഗേ
സമ്യക് യോഗയേ ഇതി സംയോഗ:

പൂജ


വരണ്ടുപിളര്‍ന്ന മണ്ണിന്റെ ഹൃത്തടം
ഒരു പൂജയാണ് ; മൌനപൂജ
കാടിന്റെ നിറനിര്‍വൃതിക്കാ
യ് 
നിറപൂജ

പിളര്‍ന്ന യോനിമുഖത്തേക്ക്
ഒരുനാള്‍ പാറിവീണേക്കാവുന്ന
വിത്തുകളുടെ വരവേല്‍പ്പിനുള്ള
വിശുദ്ധപൂജ

വിത്തുകളുടെ പ്രാര്‍ത്ഥന
.....

മുളപൊട്ടിയുണരുന്ന പിറവിയുടെ
നിത്യനിര്‍വൃതിയോര്‍മ്മയില്‍
പൂര്‍ണ്ണമായ് പൊട്ടിയുള്‍വഹിക്കാന്‍
തനിക്കായ്‌ മാത്രം ധ്യാനിക്കുന്ന
മണ്ണിന്റെ പൂര്‍ണ്ണ അണ്ടത്തിനായ്
നിത്യപൂജ

കാറ്റിന്റെ പ്രാര്‍ത്ഥന....

പുഷ്പ്പിണിയായ വൃക്ഷങ്ങളില്‍ നിന്നും
പോട്ടിവീഴാന്‍ വെമ്പുന്ന വിത്തുകളെ
വിളനിലങ്ങളിലേക്ക് വാരിവിതറാന്‍
കാത്തുകാത്ത് നില്‍ക്കുന്ന കാറ്റിന്റെ
കാട്ടുപൂജ

മഹാവൃക്ഷങ്ങളുടെ മൌനപൂജ....
ഉള്‍പ്പുലകങ്ങളിലുയിര്‍പൊട്ടിയ
വിത്തുകോശങ്ങളുടെ ജന്മപൂര്‍ണ്ണതയ്ക്കായ്

സ്ഥായീ പൂജ

മണ്ണും മരുവും തരുവും തനുവും
പൂജയി
ല്‍ ....
ജീവകോശങ്ങളെ പരിപൂര്‍ണ്ണമാക്കും
ജീവതീര്‍ത്ഥയാം മഴതേടി

പൂര്‍ണ്ണപൂജ

പ്രപഞ്ചം പൂജയി
ല്‍ ;
പൂര്‍ണ്ണതയുടെ പുണ്യപൂജ

നിഴല്‍ക്കല്ലറ


നിറങ്ങളെ അടക്കം ചെയ്ത കല്ലറയ്ക്കുമേല്‍
ഇന്ന് എനിക്കൊന്നാര്‍ത്തു പെയ്യണം
തോരാപ്പെരുംപെയ്ത്ത്...

ആകാശത്തിനു നരച്ച നിറം
അല്ല നിറമെന്നു പറയാനാവില്ല
നിറങ്ങളെല്ലാം അടക്കം ചെയ്യപ്പെട്ടുകഴിഞ്ഞു

അന്ന് ജയിലറകളുടെ ഇടനാഴികളില്‍ വച്ചാണ്
എന്റെ നിഴല്‍പാതി നഷ്ട്ടപ്പെട്ടു പോയത്
പിന്നീട് കണ്ടതെയില്ല....

നരച്ച കല്ലറക്കുമേല്‍ കുന്തിച്ചിരുന്നു
ഇരുട്ടിന്റെ ഒടുവിലത്തെ ആഴങ്ങളിലും
ഞാന്‍ പരതിക്കൊണ്ടെയിരിക്കുന്നു
കാണുന്നില്ല.....

കല്ലറയ്ക്കുള്ളില്‍ സ്നേഹത്തിന്റെ
മരണനീരൊലിച്ചിറങ്ങിയ കറ

പിന്തിരിയുമ്പോള്‍ കാത്തു വയ്ക്കാന്‍
ബാക്കിയായത് ഒരു തുണ്ട് പാഴ്പേപ്പര്‍ ....
നിറവും നിഴലും വേര്‍പിരിഞ്ഞതില്‍
ആരുടെയോ ചത്ത കയ്യൊപ്പ്!!!

നിഴലും വെളിച്ചവും



ജയിലറകളുടെ ഒടുവിലത്തെ അഴികളില്‍
നീ സ്വയം നഷ്ട്ടപ്പെടുത്തുമ്പോള്‍
മണ്ണില്‍ നിന്‍റെ അവസാനനിഴലും
മായ്ക്കപ്പെടുകയാണെന്നു
നീ അറിഞ്ഞിരുന്നില്ല; ഞാനും

നിഴലുകള്‍ ഇഴപിരിഞ്ഞു കീറിപ്പോയപ്പോള്‍
നീ നിഴല്‍പാതി,
മടങ്ങിയത് കല്ലറയ്ക്കുള്ളിലേക്ക്,
ഞാന്‍ മറുപാതി
കല്ലറയ്ക്ക് മുകളിലേക്കും!

ഇരുട്ടിലെങ്ങെവിടെയോ ചിതറിവീണ
ഒടുവിലത്തെ കണ്ണുനീര്‍തുള്ളിയുടെ
തീരാ ആഴങ്ങളില്‍ നി്ന്‍റെ പ്രതിച്ഛായ

ഇല്ലാ മുഖംമൂടി ധരിച്ചെത്തി
നീ ആദ്യമെന്നെ ഭയപ്പെടുത്തി
പിന്നീട്, ഇരുട്ടില്‍ ....
നിന്‍റെ മുഖംമൂടി ധരിച്ചെത്തി;
ധാരാളം പൊയ്മുഖങ്ങള്‍

അവരില്‍ നിന്നെ തിരയുമ്പോള്‍
നിന്‍റെ അസ്ഥികള്‍ പൊടിഞ്ഞ
കല്ലറയ്ക്കു മുകളിലാണിരിക്കുന്നതെന്ന്
ഞാനൊരിക്കലുമറിഞ്ഞിരുന്നില്ല!

നിന്‍റെ കനവുകള്‍ പൊടിഞ്ഞ
കഴലുകള്‍ക്കു മീതെ
നി്ന്‍റെ നിഴലും വെളിച്ചവും
തേടി നടക്കുന്നു ഞാനിപ്പോഴും....

യാത്ര


ഈ മഴ നീ ഒറ്റയ്ക്ക് നനയുക.....
ഇനിയൊരു മഴയ്ക്കും
ശരത്,ശിശിര,ശീത,വസന്തഋതുക്കള്‍ക്കും
നിന്നെ ഒറ്റയ്ക്കാക്കാനാവില്ല

നീ നിന്‍റെമാത്രം യാത്രകള്‍ തുടരുക
സഹയാത്രികന്‍റെ യാത്രയുടെ
പാതി പകുക്കാതിരിക്കുക
ഇനിയൊരു വേനല്‍ തീവെയിലിനും
നിന്നെ പൊള്ളിക്കാനാവില്ല

ശിശിരത്തിലെ മഞ്ഞുവീഴ്ച്ച
മരണത്തിന്‍റെ തണുപ്പുള്ള
നിന്‍റെ അസ്ഥികളെ മരവിപ്പിക്കുകയില്ല

ഓര്‍മ്മകളുടെ കനല്‍ഭാണ്ഢങ്ങളും
പ്രതീക്ഷയുടെ കിനാഭണ്ട്ടാരങ്ങളും
നിഴല്‍വഴികള്‍ക്ക് പതിച്ചു നല്‍കുക

പിന്‍മടക്കത്തിനൊരു ദേശമോ
മുന്നോരുക്കത്തിനൊരു ദേശാടനമോയിനിയില്ല
പിന്‍വിളി കേള്‍ക്കാന്‍
ഒരു പേരില്ല നിനക്ക്
മറുമൊഴിക്കൊരു ഭാഷയും

മോഹിക്കാനൊരു വസന്തമോ
പങ്കുവയ്ക്കുവാന്‍ പുഷ്പവിത്തുകളോ
ഇനി നിന്‍റെ പക്കലില്ല

കാലങ്ങളെ ഇവിടെ മറന്നുവച്ച്
നീ യാത്ര തുടരുക
നിന്‍റെ മടക്കമില്ലാ യാത്ര

സമയം


തുടക്കവും ഒടുക്കവും നഷ്ടപ്പെട്ട  തുടര്‍ച്ചയാണ് സമയം
കാലത്തെ സമയംകൊണ്ട് ഗുണിക്കുന്ന ഗുണനപ്പട്ടിക
ഏതോ കാലഗുരുവിന്‍റെ  ജീവിതഗുണിതം

നീയാണ് നിന്‍റെ  അളവുകോല്‍ കൊണ്ട്
സമയത്തിനു മുഖംമൂടി വരച്ചത്

വൃത്തത്തിന്‍റെയും  ചതുരത്തിന്‍റെയും
ഗതിനഷ്ട്ടപ്പെട്ട ഫ്രൈമിനുള്ളില്‍
നാഴിക വിനാഴിക ഗണത്തില്‍
മുറിച്ചിട്ട സമയത്തിന്‍റെ  സൂചിത്തുമ്പില്‍
സമയം നിന്നെത്തന്നെ കൊമാളിവേഷമാടിച്ചു

കാല തുടര്‍ച്ചയി
ല്‍ ....
ന്‍റെ  തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലെക്കുള്ള ദൂരത്തില്‍
മോഹവ്യാമോഹങ്ങളുടെ, ആശാവിനാശങ്ങളുടെ വ്യാപ്തിയില്‍
അളന്നു കുറിച്ചിട്ട എ
ന്‍റെ  സമയം
അസ്തമിച്ചു  തുടങ്ങുന്നു

നീ ഇപ്പോഴും സമയസൂചിയില്‍
കരഞ്ഞും ചിരിച്ചും ഞാണിന്മേല്‍ക്കളിയാടുന്നു

അന്ത്യകാലത്തി
ല്‍ , തിരനോട്ടത്തിലൊടുവില്‍
സമയം ഒരു സുന്ദര വിഡ്ഢിത്തം

പുകവലി



'പുകവലി ആരോഗ്യത്തിനു ഹാനി കരം'
എന്ന കള്ള ലേബലൊ ട്ടിച്ച ഗോള്‍ഡ്‌ ഫ്ളെക്ക്

ഞാന്‍
 

ചപ്രച്ച തലമുടിക്ക് തീകൊളുത്തി,
സ്വയമെരിഞ്ഞു പുകയുമ്പോള്‍
പകക്കറുപ്പില്‍ വെളുത്ത പുക ചിരിക്കും

തലച്ചോറെരിഞ്ഞു തുടങ്ങുമ്പോള്‍
അറകളിലൊളിപ്പിച്ച ഓര്‍മ്മകളുടെ
ചതിരൂപങ്ങള്‍ കരിന്തിരി കത്തും

ആസക്തിയുടെ പെരുംചുംബനങ്ങളാല്‍
തീക്കനല്‍ക്കാമുക വേഷം
ചെഞ്ചുണ്ടുകളെക്കരിച്ചുണര്‍ത്തും

തീച്ചുഴി, ശബ്ദനാളങ്ങളെയെരിച്ചു,
നെഞ്ചിന്‍കൂടിലേക്കിറങ്ങുമ്പോൾ
ചുടലപ്പറമ്പിലഗ്നിഘോഷത്തിലെല്ലുകള്‍ പൊട്ടിയമരും

കനല്‍ച്ചാര്‍ത്തില്‍ നിന്നുയിരുയര്‍ക്കും
കരള്‍പ്പക്ഷിയുടെ അവസാനവിലാപവും
ചിതയിലാളിച്ചെരിച്ചു രസിക്കുമെന്‍റെ  ഓംകാരം

ശരീര കോശങ്ങളുടെ ഒടുക്കത്തെ കനല്‍വിത്തുകളും
എരിഞ്ഞു ചാരമാകുമ്പോള്‍
ഞാന്‍ , ലേബല്‍ നഷ്ട്ടപ്പെട്ട വെറും ചാരം

വിശുദ്ധ ഖബർ

ഞാനിപ്പോൾ എന്‍റെ  വിശുദ്ധ ഖബറിലാണ്
ഓർമ്മകളുടെയോ കിനാക്കളുടെയോ നിറഭേദങ്ങളില്ലാത്ത
ശൂന്യതയുടെ നിശബ്ദ ഖബർ

കണ്ണുനീരിൽ കുരുങ്ങിപ്പോയ കണ്ണുകൾ
ഇനിയും, അന്ധന്‍റെ  അതിരുകൾ തിരയുകയില്ല
നിശ്ചലത മാറാലകെട്ടിയ ചുണ്ടുകൾ
മധുമുദ്രയുടെ വിലാപകാവ്യം മൂളുക
യില്ല

കുബുദ്ധിയുടെ ശിരസോ
സ്നേഹത്താൽ മുറിക്കപ്പെട്ട ഹൃദയമോ
തീക്കയങ്ങളിൽ പൊള്ളിയ നാഭിയുടെ വിലാപമോ
ഇനിയും, പാതകളിൽ പ്രതിഛായ പതിപ്പിക്കുകയില്ല

ഞാനിപ്പോൾ എന്‍റെ  വിശുദ്ധ ഖബറിലാണ്
നിറഭേദങ്ങളില്ലാത്ത  ശൂന്യതയുടെ നിശബ്ദ ഖബർ

കഥയില്ലാത്തോൾ

എന്റെ കറുത്ത ചുമരിൽ തെളിഞ്ഞും മാഞ്ഞും കോറിയിടപ്പെട്ട വരകളും കുറികളും
എന്റെ കഥയും കഥാപാത്രങ്ങ
ളും
ഇടയ്ക്കിടെ മറവിയുടെ വെള്ളക്കുമ്മായം പൂശി കഥകളെ ഞാൻ മായ്ച്ചു കളഞ്ഞു
പിന്നെപ്പോഴോക്കെയോ കുമ്മായം പൂശാൻ മറന്നിട്ടും കഥകൾ തനിയെ മാഞ്ഞു പോയ്‌ 
മായ്ച്ചും മാഞ്ഞും കഥകൾ ഇല്ലാതാ
യ്‌ 
വെറും കഥയില്ലാത്തോൾ.....

മരണക്കുരുക്ക്



രാവും പകലും നെടുകെപ്പിളര്‍ക്കുന്ന ത്രിസന്ധ്യയില്‍
പ്രതിധ്വനിക്കുന്ന ബാങ്കുവിളികള്‍
എന്റെ ആത്മാവിന്റെ നേരിപ്പോടുകളില്‍ നീറിപ്പിടിക്കുന്നു
വഴിതെറ്റിയ നിലാപ്പക്ഷികളുടെ ഒടുങ്ങാത്ത നിലവിളികള്‍ പോലെ...

ഭൂമിയിലെ, എന്റെ ഒടുവിലത്തെനിഴലും മായ്ച്ചുകളഞ്ഞ
ചതിയുടെ ഓടുങ്ങാപ്പക
എന്റെ ഇനിയും പൊടിഞ്ഞുതീരാത്ത
അസ്ഥികളില്‍ തീകൊരിയിടുന്നു

അഴുകിപ്പോയ ശരീരത്തെ വേര്‍പെടാനാവാതെ
വെന്തുകൊണ്ടിരിക്കുന്നീ ആത്മം...

ഷടങ്കത്തില്‍ ബലി തെറ്റിയൊരു കാക്ക
വഴിമറന്നു കാഞ്ഞിരത്തില്‍ ചിറകിട്ടടിക്കുന്നു
മന്ത്രം തെറ്റിപ്പോയൊരു മണി,
മരണക്കുരുക്കില്‍ സ്വരമുടഞ്ഞു തൂങ്ങിപ്പിടയുന്നു...

ഉന്മാദം


ഞാന്‍ ഉന്മാദം
സമകാലത്തെക്കുറിച്ചെന്തിനുത്ക്കണ് ഠ
ഞാന്‍ കാലത്തെ അതിലംഘിച്ചോരുന്മാദം
നിങ്ങള്‍ക്കും മുന്നേ പിറന്നു,
തുടരുന്നൂ നിങ്ങള്‍ക്കുശേഷവും...

ഒരിക്കല്‍ സുഗതകുമാരിയുടെ രാത്രിമഴയായ്
ചിരിച്ചും കരഞ്ഞും പിറുപിറുത്തും...

മറ്റോരിക്കല്‍ അന്ത്യയാമത്തില്‍ ,
ഇരുപത്തിമൂ ന്നാം പുരുഷനില്‍
പൂര്‍ണ്ണത തേടിയലഞ്ഞു,
പതിനെഴുകാരന്റെ പുരുഷത്വത്തിന്‍ -
രക്തച്ചോരിച്ചിലില്‍ മുക്തി തേടിയവള്‍ ....
പ്രണയസ്വത്വത്തിനു മൂടുപടമണിഞ്ഞവള്‍
ഞാൻ കമലയിലെ ഉന്മാദം

'കല്ലിലുയിര്‍ത്ത ശില്പ്പചാതുര്യമേ
സ്രഷ്ടാവിനു മുന്നില്‍ ഇനിയും നീ മൌനിയോ?'
ഞാന്‍ നിന്റെ മുട്ടുടച്ച മൈക്കിള്‍ ആഞ്ചലോ .....
അങ്ങനെയുമെന്നുന്മാദം

ക്രൂശിതനാം ക്രിസ്തുവിനോട് കയര്‍ത്തവന്‍
ചുഴലിയാല്‍ച്ചുറ്റപ്പെട്ടവന്‍ ,
നാടുകടത്തപ്പെട്ടവന്‍
ലോകം മുഴുവന്‍ നല്‍കിയാലും
ഉന്‍മാദത്തിലൊരു തുള്ളിപോലും
പങ്കുവയ്ക്കാത്തവന്‍
ഞാന്‍ ദാസ്ത്യ്വ്സ്കി

പ്രണയിനിക്ക് ചെവി പകുത്തു,
തന്നെത്തന്നെ കൊന്ന വാന്‍ഗോഗിന്റെ
കരിഞ്ഞ സൂര്യകാന്തി...
സോക്രട്ടീസിന്റെ വിഷം...
ഹിറ്റ്ലറുടെ തീരാക്കുരുതി....
കീറ്റ്സിന്റെ ഫിറ്റ്സ്....
ഞാന്‍ മരണാനന്തരം അംഗീകരിക്കപ്പെട്ടവൻ 

ഇക്കാലം ഗൌരി
പ്രണയത്തില്‍ അതിര്‍വരമ്പുകളെ തകര്‍ത്തവള്‍
മൂടുപടം കീറി പുറപ്പെട്ടു പോയവള്‍
കാറ്റായും കടലായും ശിലയായും ഉയര്ത്തപ്പെട്ടവള്‍ ....

കാലമേ കണ്ടുകൊള്‍ക,
നിന്നെ മറികടന്നിനിയും
നിങ്ങളിലൂടെ തുടര്‍ന്നുകൊണ്ടേയിരിക്കും
ഞാന്‍ ഉന്മാദം.....