2014 ജനുവരി 29, ബുധനാഴ്‌ച

മൌനം

ശാസ്ത്രത്തിന്റെ അതിരുകൾ കല്പ്പിക്കപെടാത്ത 
വാചാലതയുടെ തിരക്കുതിപ്പുകളിൽ 
എന്റെ മൌനത്തിനു കടലാഴം. 

പൂർണ്ണതയുടെയും ശൂന്യതയുടെയും സമന്വയത്തിൽ 
അർത്ഥം കളഞ്ഞു പോയ യുക്തിയുടെ കടുംകെട്ടുകളിൽ 
സ്വയം കുരുക്കപ്പെടാതെ...
 
മൂന്നടി അളവുകൊലുകൾക്കും സമയസൂചിയുടെ ഗതിവേഗങ്ങൾക്കും 
തിട്ടപ്പെടുത്താനാവാത്ത എന്റെ ആകാശസ്വാതന്ത്ര്യത്തിനു 
നിശബ്ദ വേഗം...

പ്രയാണം....



ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള
നദിയുടെ ഒഴുക്കാണ് പ്രയാണം
എന്റെയും നിന്റെയും....

കടലിലെക്കൊഴുകിയെത്തുന്ന നദി
സ്വത്വത്തിന്റെ ഉടലുരിയുന്നു
നദിയുടെയും കടലിന്റെയും ഏകത്വത്തിൽ
പ്രസക്തിയോടുങ്ങുന്ന സ്വത്വസത്യങ്ങൾ

ജീവിതപ്രയാണത്തിലെ
പടംപോഴിക്കൽ മാത്രമാകാം മരണം....
മരണാനന്തരം തിരയോഴിഞ്ഞ കടലോ,
തുടരുന്ന തിരക്കുതിപ്പുകളോ ...!!

തുടര്ച്ച്ചകളുടെ പ്രയാണം

ശൂന്യത


 എന്നിൽ പ്രണയമില്ല
എന്നിൽ ജീവനും മരണവുമില്ല
എന്നിൽ ഞാനില്ല
പൂജ്യം നഷ്ട്ടപെട്ട മനക്കണക്ക് പോലെ
കനം നഷ്ട്ടപ്പെട്ട ശൂന്യത

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

സ്വപ്ന സഞ്ചാരിണി

ഞാന്‍ സ്വപ്ന സഞ്ചാരിണി
കാല്‍പനികതയിലെ എട്ടുകാലിയുടെ വെള്ളിനൂല്‍
വെറുമൊരു മഞ്ഞ ബലൂണ്‍
ഒറ്റത്തട്ടില്‍ മറിഞ്ഞു പടര്‍ന്ന നിറക്കൂട്ട്‌
ഒപ്പിയെടുക്കാന്‍ ശ്രമിക്കരുത്....
തുടച്ചുകളഞ്ഞേക്കൂ......

എന്‍റെ മൌനം




എന്‍റെ മൌനം.............
ആരോ പാതിവരച്ചെറിഞ്ഞ ചിത്രത്തിന്‍റെ  പിടച്ചില്‍ ..

വെറുതെ തൂവിപ്പോയ നിറക്കൂട്ടിന്‍റെ  അശാന്തി... 
എവിടെയോ പാറ്റിത്തെറിച്ച പാഴ്വിത്തിന്‍റെ  നിസ്സഹായത.....
എങ്ങോ കൂട്ടം തെറ്റിയ പക്ഷിയുടെ നിലവിളി....
ഏതോ മരുഭൂമിയിലെ മണല്‍ക്കാറ്റിലെ നിഴല്‍ ......
ന്‍റെ മൌനം.............

ഒഴുക്ക്



അതിരുകള്‍ കളഞ്ഞുപോയവളുടെ നീണ്ട നിലവിളിയിലൂടെയാണ് 

അതിരുകളില്ലാത്ത ശൂന്യതയുടെ ചിരി ഞാന്‍ സ്വന്തമാക്കിയത്...
ഹൃദയത്തില്‍ നിന്നും ചീന്തിപ്പോയ ഒരു ചുവന്ന ദളത്തെ തിരഞ്ഞലഞ്ഞപ്പോഴാണ് 
ചിതറിപ്പോയ ദളങ്ങളുടെ വെളുത്ത സ്വാതന്ത്ര്യം സ്വായത്തമാക്കിയത്......
പച്ചിലക്കാടുകളില്‍ ഭ്രഷ്ട്ടു കല്‍പ്പിക്കപ്പെട്ട ഊതനിറമുള്ള ഒരില, 
പുഴുക്കുത്തേറ്റിട്ടും പുലമ്പലുകളേതുമില്ലാതെ നദിയില്‍ നിന്നും നദിയിലൂടെ വെറുതെ ഒഴുകുന്നു.....

കരിംകാളി


ഞാന്‍തന്നെ ശില്‍പ്പവും, ശില്പിയും
ഞാന്‍ അഹല്യ, അനന്യ, ആദിത്യ
സൃഷ്ടി, സ്ഥിതി, സംഹാര
കാളികവേഷം കെട്ടിയാടി
കലിയടങ്ങാതന്നു കാലഭൈരവനെ-
ച്ചവിട്ടിക്കൊല്ലും ശിവശക്തി
ശിവം ശവമാകുമെന്‍ കാല്‍ക്കീഴില്‍
തകര്‍ന്നടിഞ്ഞു വിശ്വം

കാലം കാണണം,
കലിയുഗത്തിലുണരും വീണ്ടും കാലിക
കൈകരുത്തേറിയോ കാപാലിക വര്‍ഗ്ഗമേ
കാണട്ടേ ചാപിള്ളചാപല്യം
ചതയ്ക്കുമെന്‍ കാല്ക്കീഴില്‍
കരുണവറ്റിയ കഴുവേറികളെ

പിറന്നുവീണ പെണ്ണിനെ പറിച്ചുകീറിയോ
പാഴാക്കിയോ പാരിനെ
പിറവിതന്ന പെണ്ണിനെ പകുത്തെറിഞ്ഞോ
വിറ്റുവോ കൂടപ്പിറപ്പിനെ, വാഴും വിശ്വത്തെ
വീര്‍പ്പിച്ചോ വിലകെട്ട നിന്‍കീശ

അറുത്തെടുക്കും നിന്‍തല, ഞാന്‍ കല്ലിക
കല്‍ശിലകളുടെ കറുത്ത കാഠിന്യം
നെഞ്ചുകീറിക്കുടല്‍മാലകള്‍ കഴുത്തിലിട്ടു-
റഞ്ഞുതുള്ളും ഞാന്‍ കറുപ്പിന്‍ കാഞ്ഞിര

കാലിരുമ്പുകളുടെ കാഠിന്യമേല്‍ക്കാന്‍
കാലഭൈരവനുണരുംവരേക്കും
കലിയടങ്ങാതെ കാലംമുടിക്കും
കലി, കരിംകാളി, കാവല്‍ ശിലാശക്തി